കൊച്ചി: വായ്പാ കുടിശികയുടെ പേരില്‍ ബാങ്ക് ലേലം ചെയ്ത് വിറ്റ പ്രീതാ ഷാജിയുടെ വീട് തിരികെ നല്കാന് ഹൈക്കോടതി ഉത്തരവ്. രണ്ടര കോടി രൂപ വില വരുന്ന പ്രീത ഷാജിയുടെ വസ്തു ഡി.ആര്.ഡി. പ്രകാരം 37.8 ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തില്‍ വിറ്റ നടപടി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഡെറ്റ് റിക്കവറി ട്രിബ്യൂണലിന്റെ ഉത്തരവിറങ്ങി എട്ട് വര്‍ഷത്തിന് ശേഷം നടത്തിയ ലേലത്തിന് നിയമ സാധുതയില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
43.35 ലക്ഷം രൂപ ബാങ്കിന് നല്കി പ്രീതയ്ക്ക് വീട് വീണ്ടെടുക്കാം. അതേ സമയം ഒരു മാസത്തിനകം ബാങ്ക് നിര്‍ദേശിച്ച തുക കെട്ടിവെയ്ക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. അതിന് സാധിച്ചില്ലെങ്കില്‍ ബാങ്കിന് പുതിയ ലേലനടപടി തുടങ്ങാമെന്നും ഉത്തരവില്‍ പറയുന്നു. അതേ സമയം ഒരു ലക്ഷം രൂപ മുമ്പ് വീട് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണമെന്നും നിര്‍ദേശിക്കുന്നു.

1994 ല്‍ സുഹൃത്തിന്റെ രണ്ടുലക്ഷം രൂപയുടെ വായ്പയ്ക്കാണ് ഷാജി ജാമ്യം നിന്നത്. അതിലെ കുടിശ്ശിക, പലിശയടക്കം ഇപ്പോള്‍ 2.70 കോടി ആയെന്നാണ് എച്ച്.ഡി.എഫ്.സി.ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്. ഇവരുടെ രണ്ടരക്കോടി വിലവരുന്ന 18.5 സെന്റ് കിടപ്പാടം 37 ലക്ഷം രൂപയ്ക്ക് ലേലം ചെയ്യുകയായിരുന്നു. തുടർന്ന് സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി പ്രീതാ ഷാജി സമര്‍പ്പിച്ചിരുന്നു.

ജപ്തി നടപടിക്കെതിരേ പ്രീതാ ഷാജി പനമ്പള്ളിനഗര്‍ ഡി.ആര്.ടി. ഓഫീസിനു മുന്നില്‍ രണ്ടുദിവസത്തെ രാപകല്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് ഇവരേയും സമരാമുകൂലികളേയും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പിന്നീട് കുടിയൊഴിപ്പിക്കല്‍ നടപടി നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രീതാ ഷാജി ചിതയൊരുക്കി നിരാഹാരം ചെയ്തിരുന്നു.


