പത്തനാപുരം: പത്തനാപുരത്ത് ആറാം തവണയും പോരിനിറങ്ങുന്ന മന്ത്രി ഗണേഷ് കുമാറിന് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് മണ്ഡലത്തിലെ രാഷ്ട്രീയം നല്കുന്ന സൂചനകള്‍. കഴിഞ്ഞ തവണ തോറ്റെങ്കിലും വീടെടുത്ത് മണ്ഡലത്തില്‍ സ്ഥിരം സാന്നിദ്ധ്യമായി മാറിയ ജ്യോതി കുമാർ ചാമക്കാല തന്നെയാകും ഇത്തവണയും ഗണേഷ് കുമാറിനെതിരെ മല്‍സരിക്കുന്നത്. സ്ഥിരമായി ഒരു എതിരാളി ഇല്ലാത്തതാണ് ഗണേഷിന് ഗുണം ചെയ്യുന്ന ഒരു ഘടകമെന്ന വിലയിരുത്തലും ഇതോടെ ഇല്ലാതാകുകയാണ്.
ആനപ്പട്ടണം എന്നായിരുന്നു ഈ നാടിന്റെ ആദ്യ പേര്. കാട്ടാനകളെ ചട്ടം പഠിപ്പിക്കുന്ന കേന്ദ്രം സമ്മാനിച്ച പ്രശസ്തി. പിന്നീട് എപ്പോഴോ പത്താനപുരവും പിന്നെ പത്തനാപുരവും ആയെന്ന് പഴമക്കാർ പറയുന്നു. കല്ലുംകടവ് ജംഗ്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞാൽ സിപിഐയുടെ മണ്ഡലം കമ്മിറ്റി ഓഫീസ് കാണാം. മത്സരിച്ച 13 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും വിജയിച്ച സിപിഐ ഇപ്പോൾ മെലിഞ്ഞുണങ്ങി ചിത്രത്തിലേ ഇല്ലാതായി. 2001 ല്‍ പ്രകാശ് ബാബുവിൽ നിന്ന് ഗണേഷ് കുമാർ മണ്ഡലം തട്ടിയെടുക്കുമ്പോൾ നെഞ്ചുപൊട്ടി നില്‍ക്കുകയായിരുന്നു സിപിഐ പ്രവര്‍ത്തകർ. പിന്നീടങ്ങോട്ട് കണ്ടത് ഗണേഷ് കുമാറിന്റെ ജൈത്രയാത്രകൾ. ഒന്നല്ല, അഞ്ച് വിജയങ്ങള്‍. ഇതിനിടയിൽ ഗണേഷ് മുന്നണി തന്നെ മാറി, എതിരാളികൾ ഓരോ തവണയും മാറിമാറി വന്നു.


