തിരുവനന്തപുരം: കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥികൾക്കാണ് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.’വോട്ടോ, വോട്ടേഴ്സ് ലിസ്റ്റിൽ ശരിയായ മേൽവിലാസമോ ഇല്ലാത്തവരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക. എന്നിട്ട് അവരെ മത്സരിപ്പിക്കാൻ അനുവദിക്കുന്നില്ലേ എന്ന് പറഞ്ഞ് കരയുക. ഇരവാദ നാട്യ കമ്മിറ്റി എന്നല്ലേ ഇവരെ വിളിക്കേണ്ടത്’.. എന്ന് വി.ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
2020 ലെ വോട്ടർ പട്ടികയിലും പേരില്ലെന്ന വിവരം പുറത്ത് വന്നതോടെ കോഴിക്കോട്ടെ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വോട്ട് ചെയ്തുവെന്ന വാദത്തിൽ വി.എം വിനു ഉറച്ച് നിൽക്കുമ്പോഴും വോട്ടർ പട്ടികയിൽ പേര് കാണുന്നില്ല. മെഡിക്കൽ കോളേജ് സൗത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ലെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്.വോട്ടുറപ്പിക്കുന്നതിനായി വരണാധികാരിയെ സമീപിക്കുമെന്ന് ബിന്ദു കമ്മനക്കണ്ടിയും പ്രതികരിച്ചു.വോട്ടുറപ്പിക്കാനുള്ള നിയമപോരാട്ടം വിജയം കണ്ടില്ലെങ്കിൽ പുതിയ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകും കോൺഗ്രസ് തീരുമാനം.
വി.എം വിനുവിന് നിയമപരമല്ലാതെ വോട്ട് അനുവദിച്ചാൽ എതിർക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു .നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വെവ്വേറെ വോട്ടർ പട്ടിക ആണെന്ന കാര്യം അറിയാത്ത ആൾ ആണോ വി.എം വിനുവെന്നും എം.മെഹ്ബൂബ് ചോദിച്ചു. വോട്ടില്ലാത്ത ആളെ വെച്ചാണ് കോൺഗ്രസ് കോർപ്പറേഷൻ പിടിക്കാൻ പോകുന്നതെന്നും ജില്ലാ സെക്രട്ടറി പരിഹസിച്ചു.
അതിനിടെ, തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡ് യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് ഇന്ന് നടക്കും.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ ഹാജരാകണമെന്നാണ് വൈഷ്ണയ്ക്കും പരാതിക്കാരൻ ധനേഷ് കുമാറിനും നൽകിയ നോട്ടീസിൽ പറയുന്നത്. സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം നിലനിൽക്കുക്കുമ്പോഴും വൈഷ്ണ ഇന്നും പ്രചാരണം നടത്തി.


