അന്തിക്കാട്: ബസ് യാത്രയ്ക്കിടയില്‍ നഷ്ടമായ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് സഹകരണ ബാങ്ക് ജീവനക്കാരിയുടെ 48,000 രൂപ കവര്‍ന്നു. ജില്ലാ സഹകരണ ബാങ്ക് വാടാനപ്പള്ളി ശാഖയിലെ ജീവനക്കാരിയും ചാഴൂര്‍ സ്വദേശിയുമായ തെരുവത്ത് വീട്ടില്‍ ഷരീഫ ശംസുദ്ദീന്റെ പണമാണ് നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് എ.ടി.എം. കാര്‍ഡ് അടങ്ങിയ പേഴ്സ് നഷ്ടമായത്. കാഞ്ഞാണിയില്‍നിന്ന് വാടാനപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ബാഗിനുള്ളില്‍ സൂക്ഷിച്ച പേഴ്സിലാണ് എ.ടി.എം. കാര്‍ഡും പിന് നമ്ബര്‍ ഉള്‍പ്പെടെയുള്ള രേഖകളും വീടിന്റെ താക്കോലും സൂക്ഷിച്ചിരുന്നത്. ഈ പേഴ്സാണ് മോഷണംപോയത്.
ഉച്ചയോടെ മറ്റൊരാവശ്യത്തിനുവേണ്ടി ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്സ് നഷ്ടമായ വിവരം ഇവര്‍ അറിയുന്നത്. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ഏഴുതവണ പണം പിന്‍വലിച്ചിട്ടുണ്ട്.
അന്തിക്കാട് പോലീസില്‍ പരാതി നല്കി.