സാമ്പത്തിക തട്ടിപ്പ് പരാതിയിൽ അഭിലാഷം സിനിമ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ. സിനിമയുടെ നിർമ്മാതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. നിർമ്മാതാക്കളായ ശങ്കർദാസ്, ആൻ സരിക ആൻറണി എന്നിവർ നൽകിയ പരാതിയിലാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.
സിനിമയുടെ കരാറിൽ ഉണ്ടായിരുന്ന ബഡ്ജറ്റിനേക്കാൾ കൂടുതൽ പണം അനാവശ്യമായി ചെലവാക്കി എന്നും സിനിമയുടെ ഹാർഡ് ഡിസ്കുകൾ അനുവാദമില്ലാതെ കൈവശപ്പെടുത്തി എന്നുമാണ് പരാതി. ഷംസുദ്ദീൻ, സിനിമയുടെ സഹ സംവിധായകൻ, എഡിറ്റർ, ക്യാമറാമാൻ, കളറിസ്റ്റ് എന്നിവർക്കെതിരെയാണ് കേസ്. ബാക്കിയുള്ള പ്രതികൾ ഒളിവിലാണ്. എന്നാൽ പരാതി പകപോക്കൽ ആണ് എന്നാണ് സംവിധായകൻറെ വാദം. സിനിമയുടെ ഷൂട്ടിംഗ് ഘട്ടത്തിൽ തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും നിർമ്മാതാക്കൾക്കെതിരെ മുൻപ് ഫെഫ്കയിൽ പരാതി നൽകിയിരുന്നുവെന്നും പ്രതികൾ പറയുന്നു. തുടർന്ന് നൽകിയ കള്ളക്കേസ് ആണ് എന്നാണ് വാദം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്തേക്കും.


