തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു. തൃശ്ശൂരിലെ അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന കേരള സംരക്ഷണയാത്രയുടെ ഇന്നത്തെ പര്യടനവും മാറ്റിവച്ചിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെയാണ് കാസര്‍കോട് കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത്. ഞായറാഴ്ച രാത്രി എട്ടോടെ കല്യോട്ട്- തന്നിത്തോട് റോഡിലെ കണ്ണാടിപ്പാറയിലാണ് സംഭവം. കല്യോട്ട് സ്വദേശികളായ കൃപേഷ് (19), ശരത് ലാല്‍ (ജോഷി- 24) എന്നിവരാണു കൊല്ലപ്പെട്ടത്. പെരിയ കല്യോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ഇടിച്ചു വീഴ്ത്തിയശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്.


