പത്തനംതിട്ട: ആഗോള പ്രവാസി മലയാളി സംഗമം മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ന് ഇന്ന് തിരുവല്ല തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ തുടക്കമാകും. വൈകിട്ട് നാല് മണിക്ക് പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട വി എസ് ചന്ദ്രശേഖര പിള്ള പഠന ഗവേഷണ കേന്ദ്രവും സംയുക്തമായാണ് മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 സംഘടിപ്പിക്കുന്നത്.
75 വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 3,000 പ്രതിനിധികള്‍ നേരിട്ടും ഒരു ലക്ഷത്തിലധികം പേര് ഓണ്‍ലൈനായും പരിപാടിയില്‍ പങ്കെടുക്കുമെന്ന് എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. തോമസ് ഐസക് അറിയിച്ചു. വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ പ്രവാസികളുടെ പങ്ക് എന്നതാണ് കോണ്‍ക്ലേവിന്റെ പ്രമേയമെന്ന് ഡോ.തോമസ് ഐസക് പറഞ്ഞു.
ഇന്ത്യ, ഗള്‍ഫ്, യൂറോപ്പ് അമേരിക്ക എന്നിങ്ങനെ നാല് ടൈം സോണുകളിലായി പ്രത്യേകം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും തയ്യാറാക്കിയിട്ടുണ്ട്. മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി സാഹിത്യ സമ്മേളനവും നടക്കുമെന്ന് സംഘാടകസമിതി ചെയര്മാന് ബെന്യാമിന് അറിയിച്ചു.
പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, പഠിച്ച കോളേജ്, സര്‍വകലാശാല എന്നിവയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെ തൊഴില്‍ നല്‍കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുക, സംരംഭകത്വ വികസനം എന്നീ നാല് വിഷയങ്ങളിലാണ് കോണ്‍ക്ലേവില്‍ ചര്‍ച്ച നടക്കുക.
അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ചെയര്മാന് എസ് രാമചന്ദ്രന് പിള്ള , എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോക്ടര്‍ തോമസ് ഐസക്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ,സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.


