ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എഫ്ഐആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഇഡിയ്ക്ക് രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന വാദം സര്‍ക്കാര്‍ മുന്നോട്ട് വെക്കും. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഇഡി ആവശ്യത്തെ എതിര്‍ക്കാനാണ് എസ്ഐടിയുടെ തീരുമാനം. എന്നാല്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രേഖകള്‍ വേണമെന്ന നിലപാടിലാണ് ഇഡി. ഇക്കാര്യത്തില്‍ കോടതി തീരുമാനം നിര്‍ണ്ണായകമാണ്.
എതിർപ്പ് രേഖമൂലം അറിയിക്കാൻ സാവകാശം വേണമെന്ന SIT ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞ തവണ കേസ് മാറ്റിയത്. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡി SIT രജിസ്റ്റർ ചെയ്ത എഫ്ഐആറും, റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്.
ശബരിമലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ ശക്തമായി എതിർക്കുകയാണ് പ്രോസിക്യൂഷൻ. കൈമാറുന്ന രേഖകൾ രഹസ്യമായി സൂക്ഷിക്കാം എന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ എതിർപ്പ് തുടർന്ന് അപേക്ഷ തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഇഡിയുടെ നീക്കം.


