തന്റെ പഴയ സഹപ്രവർത്തകൻ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ വിതുമ്പൽ അടക്കാൻ കഴിയാതെ വിഴിഞ്ഞം സീപോർട്ട് എംഡി ദിവ്യ എസ് അയ്യർ ഐഎഎസ്.നവീൻ കൈക്കൂലി വാങ്ങുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ്. അയ്യർ. ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീനെന്നും ദിവ്യ എസ് അയ്യർ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചു.
മുപ്പതുവർഷത്തോളം സർവീസിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളോ ഒന്നും തന്നെ അദ്ദേഹത്തിന്റെ മാതൃ വകുപ്പായ റവന്യു വകുപ്പിനില്ല. അദ്ദേഹത്തിന്റെ സർവീസ് റെക്കോർഡ്സിൽ ഒരു കറുത്ത മഷിയുടെ പാടുപോലും വീണിട്ടില്ല എന്നുള്ളതിന് തെളിവായിരുന്നു പൊതുദര്ശന ചടങ്ങിൽ തടിച്ചുകൂടിയ ജനക്കൂട്ടം.”ഞങ്ങൾ ഒറ്റക്കെട്ടായി ഒരു കുടുംബം പോലെ കഴിഞ്ഞിട്ടുള്ളവരാണ്. റാന്നി തഹസിൽദാരായിരുന്ന സമയത്ത്. ശബരിമലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും പ്രളയം വന്നപ്പോഴും മഴ വന്നപ്പോഴും എല്ലാം ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിച്ചത്. റാന്നിയിൽ ഒരുപാട് പ്രശ്നബാധിത മേഖലകളുണ്ടായിരുന്നു. രാവും പകലും ഒരുമിച്ചിരുന്ന് ജോലി ചെയ്തവരാണ്. ഞങ്ങൾക്കൊപ്പം നിർലോഭം പ്രവർത്തിച്ചിരുന്ന ആളാണ് നവീൻ, എനിക്കിതൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു പാവത്താനായിരുന്നു. ഞങ്ങളറിഞ്ഞ മനുഷ്യനെക്കുറിച്ച് ഞങ്ങൾക്കറിയാം. വളരെ ദൗർഭാഗ്യകരമായിപ്പോയി. ആരെയും കുത്തിനോവിക്കാനറിയാത്ത, ആരോടും മുഖം കറുപ്പിക്കാത്ത ഒരു നവീനെയാണ് ഞങ്ങൾ കണ്ടിട്ടുള്ളത്. എപ്പോഴും മുഖത്തൊരു ചിരിയുണ്ടാകും. അവസാനമായിട്ട് ഞാൻ നവീനെ കാണുന്നതും ഇവിടെ വെച്ചാണ്. പ്രമോഷൻ കിട്ടി, കാസർകോടേക്ക് പോകുവാണ് എന്ന് പറയാൻ എന്നെ കാണാൻ വന്നിരുന്നു. അന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു. എന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തിട്ട് പോയതാ. പിന്നെ കണ്ടിട്ടില്ല. ഇവിടെ വെച്ച് ഇങ്ങനെ കാണേണ്ടി വരുമെന്ന് ഓർത്തില്ല. വിതുമ്പിയും കണ്ണുതുടച്ചും സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു കൊണ്ടുമായിരുന്നു ദിവ്യ എസ് അയ്യരുടെ പ്രതികരണം.