കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താൽ ജോളിയുടെ എൻഐടി ജീവിതത്തിന്റെ ചുരുളഴിക്കാൻ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. ജോളിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാൽ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നൽകാൻ ജോളി തയാറായിട്ടില്ല.
തയ്യൽക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോൽസവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എൻഐടി തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോൽസവവേദിയിൽ നിൽക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്.
എൻഐടി പരിസരത്തെ ബ്യൂട്ടി പാർലർ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയർ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങൾ ലഭിച്ചത്.