പാലക്കാട് കോങ്ങാട് നിന്ന് കാണാതായ വിദ്യാർഥിനികളെ കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. കോങ്ങാട് കെപിആർപി സ്കൂളിലെ 13 കാരികളായ വിദ്യാർഥിനികളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ ഇറങ്ങുന്നത്. 10 മണിയോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഒലവക്കോട് കേന്ദ്രീകരിച്ചുകൊണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ കണ്ടെത്താനായത്.
അതേസമയം,ആലപ്പുഴ അരൂക്കുറ്റിയിൽ നിന്നും കാണാതായ പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളെയും കണ്ടെത്തി. ഇന്നലെ സ്കൂൾ വിട്ട് വന്നതിന് ശേഷം പുറത്തേക്ക് പോയ ഇരുവരെയും കാണാതായിരുന്നു. ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മുരാരിയെയും ഗൗരി ശങ്കറിനെയും കണ്ടെത്തിയത്.
എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറി ഇവർ ബാംഗ്ലൂരിലേക്ക് പോകുകയായിരുന്നു. അവിടെയെത്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയും വിദ്യാർഥികളെ കേരള പൊലീസ് തിരികെ നാട്ടിലേക്ക് എത്തിക്കുകയുമായിരുന്നു.