തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിലെ അനിശ്ചിതത്വം നീക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ പിന്തുണയോടെ അറ്റോർണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്ലാറ്റുടമകളുടെ എതിർപ്പും സത്യവാങ്മൂലമായി 20ന് കോടതിയിൽ നൽകും.
സെപ്തംബര്‍ 20-നുള്ളിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാൻ നഗരസഭ നൽകിയ സമയപരിധി തീർന്നിട്ടും ഒരു താമസക്കാർ പൊലും മാറിയിട്ടില്ല. പ്രശ്നം എങ്ങിനെ തീർക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സർവ്വകക്ഷിയോഗം ചേരുന്നത്.
ഫ്ളാറ്റ് ഉടമകളുടെ കോടതി കേട്ടിട്ടില്ല, ഇത്രയും വലിയ കെട്ടിട്ടങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നം, ചുരുങ്ങിയ സമയത്തിനുള്ളിൽ വിധി നടപ്പാക്കുന്നതിലെ പ്രയാസം എന്നീ കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് ഇപ്പോഴത്തെ ശ്രമം. വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയവുമായി സംസ്ഥാന സർക്കാർ ആലോചനകൾ തുടങ്ങിയിട്ടുണ്ട്.