തിരുവനന്തപുരം : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിന് വിധേയനായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനം. രാജ്കുമാറിന്‍രെ കുടുംബത്തിന് 16 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കാനും തീരുമാനിച്ചു. ഇന്നു ചേര്‍ന്ന സംസ്ഥാനമന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
രാജ്കുമാറിന്റെ വീട്ടിലെ നാല് കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം വീതം നല്‍കാനാണ് തീരുമാനം. രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമുറകള്‍ക്ക് വിധേയമാക്കിയത് ഒരുതരത്തിലും ന്യായീകരിക്കാനാകാത്തതാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ജൂണ്‍ 12 നാണ് രാജ്കുമാറിനെയും കൂട്ടിപ്രതികളായ ശാലിനി, മഞ്ജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന 16-ാം തീയതി വരെ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഇടുക്കി എസ് പിയായിരുന്ന കെ ബി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതെന്ന് കേസില്‍ അറസ്റ്റിലായ നെടുങ്കണ്ടം മുന്‍ എസ് ഐ സാബു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. ഇക്കാര്യം ഇന്നലെ ഇയാള്‍ കോടതിയിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ക്രൈംബ്രാഞ്ച് ഇതുവരെ മുന്‍എസ്പിയെ ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല.


