കണ്ണൂര്‍: കാസർകോട് മണ്ഡലത്തിൽ റീ പോളിങ്ങ് നടക്കുന്ന മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും ഇന്ന് പരസ്യപ്രചരണം. കല്യാശേരി മണ്ഡലത്തിലെ പിലാത്തറയിലും, പുതിയങ്ങാടിയിലെ രണ്ട് ബൂത്തുകളിലുമാണ് റീ പോളിംങ് നടക്കുന്നത്. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പരസ്യ പ്രചാരണം നടക്കുക. സ്ഥാനാർത്ഥികൾക്കൊപ്പം വീടുകയറി വോട്ടു തേടാനാണ് മുന്നണികളുടെ തീരുമാനം. കാസർകോഡ് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി സ്ഥലത്തില്ലാത്തതിനാൽ ജില്ലയിലെ നേതാക്കളുടെ നേതൃത്വത്തിലാകും പ്രചാരണം.
കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടത്. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ റീപോളിംഗ് നടക്കും.


