തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി.

തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലബാറിലും നാളെ വേനൽ മഴ പ്രതീക്ഷിക്കാം.
തെക്കൻ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ ഇടിയോട് കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
ഈ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

