റാന്നി: വിഷുദിനത്തില്‍ സുഹൃത്തുക്കള്‍ പമ്പാനദിയില്‍ മുങ്ങി മരിച്ചു. വടശേരിക്കര ബംഗ്ലാംകടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളാണ് മുങ്ങി മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വടശേരിക്കര തലച്ചിറ സ്വദേശികളായ അജിത്ത് ഭവനത്തില്‍ ഇ.കെ.ശശിയുടെ മകന് (പാറക്കിഴക്കേതില്) കേരള കൗമുദി ഏജന്റെ സലിം തലച്ചിറയുടെ സഹോദര പുത്രന് സുജിത്ത് (25), പുത്തന്‍പുരയില്‍ രവിയുടെ മകന് നന്ദു (23), ഹരി നിവാസില്‍ ഹരിയുടെമകന് പ്രശാന്ത് സായി (21) എന്നിവരാണ് മരിച്ചത്.

അഞ്ചു സുഹൃത്തുക്കള്‍ അടങ്ങിയ സംഘം ഇന്നലെ ഉച്ചക്ക് 12നാണ് നദിയില്‍ കുളിക്കാനെത്തിയത്. രണ്ടു പേര് ആദ്യം കുളിച്ചു കരക്കു കയറി. പിന്നീട് ഇറങ്ങിയ നന്ദു ആദ്യം അപകടത്തില്‍പ്പെടുകയും രക്ഷിക്കാനിറങ്ങിയ പ്രശാന്തും പിന്നാലെ സുജിത്തും നദിയില്പെടുകയായിരുന്നു.
പമ്പാനദിയും കക്കാട്ടാറും സംഗമിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ചുഴികളുള്ള ഇവിടെ അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ളതാണ്. ശബരിമല വിഷു പൂജയുടെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് കുളിക്കാന്‍ പമ്പയിലൂടെ വെള്ളം ഒഴുക്കി വിട്ടിരിക്കുകയാണ്.

