കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാംപിളുകളുകളുമായി സാമ്യമെന്ന് കണ്ടെത്തി. കണ്ണൂരിലെ റീജിണൽ ഫോറൻസിക് ലാബിലെ പരിശോധനാ ഫലം എലത്തൂർ പൊലിസിന് ലഭിച്ചു.
2019 മാർച്ചിലാണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല.പഴയ മിസ്സിംഗ് കേസുകൾ വീണ്ടും പരിശോധിക്കാനുള്ള നിർദേശത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിജിൽ തിരോധാന കേസിന്റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറുണ്ടെന്ന വിവരം പൊലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം വഴിത്തിരിവായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം ചുരുളഴിയുന്നത്.


