സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില് സംഘടിപ്പിക്കുന്ന ജനുവരി ഒന്നിന് തലസ്ഥാനത്ത് വഞ്ചനാ മതില് സംഘടിപ്പിക്കും. പൊലീസുദ്യോഗസ്ഥന് കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനലിന്റെ കുടുംബത്തിന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചതിനെതിരെയാണ് വഞ്ചനാമതില്‍ തീര്‍ക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
സെക്രട്ടേറിയേറ്റിനു മുന്നില്‍ സനലിന്റെ ഭാര്യ വിജിയും മറ്റ് കുടുംബാംഗങ്ങളും വഞ്ചനാ മതിലിന്റെ ഭാഗമാകും.
വിജിക്ക് ജോലിയും കുടുംബത്തിന് സാമ്പത്തികസഹായവും നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി ഇവര്‍ സമരരംഗത്താണെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയിട്ടില്ലന്ന് സംഘാടകർ പറഞ്ഞു.. 25 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉള്ള കുടുംബം എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാത്ത അവസ്ഥയിലാണ്
സനലിന്റെ വീട് സന്ദര്‍ശിച്ച മന്ത്രിമാര്‍ നല്കിയ വാഗ്ദാനങ്ങള്‍ ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബവും ആക്ഷന്‍ കൗണ്‍സിലും സമരം ശക്തമാക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
നാളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമരസ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്ന് സമരപ്പന്തലിന് മുന്പില് കുടുംബസഹായത്തിനായി അക്ഷയപാത്രം സ്ഥാപിക്കും. സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കടക്കം ഈ കുടുംബത്തെ സഹായിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.
ഓരോ ദിവസവും ലഭിക്കുന്ന തുക അതാതു ദിവസം തന്നെ വിജിയുടെ അക്കൗണ്ടിലേക്ക് മാറ്റും. രണ്ടു പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധമാതാവും അടക്കമുള്ളവരുടെ അതിജീവനത്തിന് എല്ലാവരുടെയും സഹായം ഉണ്ടാകണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അഭ്യർത്ഥിച്ചു..


