പ്രവാസി പുനരധിവാസ നടപടികളുടെ ഭാഗമായി പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തു സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷന് രൂപം നൽകാൻ കേരളം. ലോക കേരള സഭയിൽ വച്ചുയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചത്.
ലോക കേരളസഭ ഭാവിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ നിന്നുപോകാതിരിക്കാന്‍ നിയമപരിരക്ഷ നല്കാന് ശ്രദ്ധിക്കുമെന്നും പ്രതിപക്ഷത്തോടടക്കം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വീടില്ലാത്ത പ്രവാസികൾക്ക് വീട് വെക്കാൻ പ്രത്യേകപദ്ധതി രൂപവത്കരിക്കണമെന്ന നിർദേശം പരിശോധിച്ച് പ്രത്യേക പദ്ധതിയായി നടപ്പാക്കും. പ്രവാസി ക്ഷേമ ഫണ്ട് രൂപവത്കരിക്കേണ്ടത് അനിവാര്യമാണ്. തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ നോര്‍ക്കാ റൂട്സിന്റെ പ്രവാസി ഭദ്രത വായ്പാ പദ്ധതി, കുടുംബശ്രീ, കെ.എസ്.എഫ്.ഇ, കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്നു. കുടുംബശ്രീ മുഖേന 5,834 സംരംഭങ്ങള്‍ ആരംഭിച്ചു. വിദേശ സർവകലാശാലകൾ, കോഴ്സുകൾ, തൊഴിൽ നിയമങ്ങൾ എന്നിവ നോർക്കയുടെയും ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാനുള്ള ബോധവൽക്കരണം ക്യാമ്പസുകൾ കേന്ദ്രീകരിച്ചും സംഘടിപ്പിക്കും.