കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികൾക്കു നേരെ പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് തച്ചമ്പാറ പൂവത്തിങ്കൽ മനു(24) ആണ് പിടിയിലായത്.

സംഭവ ശേഷം അബുദാബിയിലേക്കു കടന്ന ഇയാളെ സമ്മർദം ചെലുത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിളിച്ചു വരുത്തി എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്കും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടിക്കും നേരെ കഴിഞ്ഞ മാസം 14–ാം തിയതിയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്.
ഊട്ടി സ്വദേശിയായ പെൺകുട്ടിയും കൂട്ടുകാരിയും സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ മനു വഴിയിൽ തടഞ്ഞു നിർത്തിയാണ് പെട്രോളൊഴിച്ചത്.
ഭയന്നു വിറച്ച പെൺകുട്ടികൾ സ്കൂട്ടർ മറിച്ചിട്ട് എതിർവശത്തേക്ക് ഓടി. പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടതിനാൽ പദ്ധതി പാളി. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയും അതോടൊപ്പം മാളിൽ ജോലി ചെയ്യുകയും ചെയ്തിരുന്ന കുട്ടിക്കു നേരെയാണ് ആക്രമണമുണ്ടായത്.

