മലയാളികൾക്ക് ഇത് ആഘോഷങ്ങളുടെ കാലമാണ്. അതിൽ ഏറ്റവും വലിയ ആഘോഷമായ വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. വിഷുവിന് കൃത്യം ഒരു മാസം ഇനിയുണ്ട്. എങ്കിലും കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് നാട്ടിലെത്തണമെങ്കിൽ ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തേ മതിയാകൂ. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അധികം വൈകാതെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സൂപ്പർ എക്സ്പ്രസ് എയർ ബസുകൾക്ക് 640 രൂപയും, സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസിന് 913 രൂപയും, സ്വിഫ്റ്റ് – ഹൈബ്രിഡ് നോൺ എസി സീറ്റർ കം സ്ലീപ്പർ ബസിന് 650 രൂപയും എസി മൾട്ടി ആക്സിലിന് 1053 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്വിഫ്റ്റ് ഡീലക്സ് എയർ ബസുകൾക്ക് 713 രൂപയും നൽകണം. ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് 1100 മുതൽ 2000 വരെ ആണ് നിലവിൽ ടിക്കറ്റ് നിരക്ക്. 983, 1631, 1533 എന്നി നിരക്കുകളിൽ നിങ്ങൾക്ക് എറണാകുളത്ത് എത്തിച്ചേരാവുന്നതാണ്. സ്ഥിരം ബസുകളിലെ സീറ്റുളുടെ ബുക്കിംഗ് പൂർത്തിയായാൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചേക്കും. വിഷു പോലെയുള്ള ഉത്സവ സീസണിൽ കെഎസ്ആർടിസിയും കർണാടക ആർടിസിയും സ്പെഷ്യൽ ബസ് സർവീസുകൾ നടത്താറുണ്ട്. വിഷു, ഈസ്റ്റർ സീസണിലെ തിരക്ക് പരിഗണിച്ച് റെയില്‍വേ പ്രത്യേക ട്രെയിൻ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.