കോട്ടയം∙ കെവിൻ വധക്കേസ് അന്വേഷണത്തിലെ കൃത്യവിലോപത്തിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി. പ്രതിയിൽനിന്നു കോഴ വാങ്ങിയ സംഭവത്തിൽ എഎസ്ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടു. ഗാന്ധിനഗർ മുൻ എസ്ഐ എം.എസ്. ഷിബുവിനെ സർവീസിൽനിന്നു പുറത്താക്കും. സിപിഒ എം.എൻ. അജയകുമാറിന്റെ ഇൻക്രിമെന്റ് മൂന്നു വർഷം പിടിച്ചുവയ്ക്കും. കെവിൻ വധക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർ കോഴ വാങ്ങിയതായും അന്വേഷണം അട്ടിമറിച്ചതായും നേരത്തേ പുറത്തുവന്നിരുന്നു.
ഐജി വിജയ് സാഖറെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത്. കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കെവിൻ പി. ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ടാണു നടപടി.
ഡ്രൈവറായിരുന്ന എം.എൻ. അജയകുമാറിന്റെ 3 വർഷത്തെ ആനുകൂല്യങ്ങൾ നേരത്തേ റദ്ദാക്കിയിരുന്നു. കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽനിന്ന് 2000 രൂപ കോഴ വാങ്ങിയെന്നാണ് ബിജുവിനും അജയകുമാറിനും എതിരെയുള്ള കുറ്റം. ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എഎസ്ഐ ടി.എം.ബിജുവിന് അറിയാമായിരുന്നെന്ന് പൊലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.


