പോക്സോ കേസ് പ്രതിയെ സി.ഐ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. സിഐ ജയസനില്‍ യുവാവിനെ ക്വാര്‍ട്ടേഴ്സിലെത്തിച്ചവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. അയിരൂര്‍ എസ്എച്ചഒ ആയിരുന്ന ജയ്സനിലിന് എതിരെയാണ് കേസ്. നിലവില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്.
വിദേശത്തുള്ള സഹോദരനുമായി യുവാവ് വീഡിയോ കാള്‍ ചെയ്യുന്നതിനിടയില്‍ യുവാവിന്റെ കവിളില്‍ സിഐ ചുംബിക്കുന്നതും കാണാം. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനില്‍ കൊണ്ടു പോയില്ലെന്ന കാര്യവും വ്യക്തമായി.
കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായി പോക്സോ കേസില്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രതിക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ സംഭവം പുറത്തു വന്നു.
ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു റൂറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പീഡന പരാതിയില്‍ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.


