കൊച്ചി: കൊച്ചിയിലെ നടിയുടെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ്പ്. പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന നടി ലീനാ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെയാണ് വെടിവെയ്പ്പുണ്ടായത്. എന്നാല്‍ അപകടമോ ആളപായമോ ഉണ്ടായിട്ടില്ല. ഉച്ചയ്ക്ക് 3.45 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം അക്രമികളുടെ ലക്ഷ്യം ഭീഷണിപ്പെടുത്തലാണെന്നാണ് പേലീസിന്റെ പ്രഥാമിക നിഗമനം.
അതേ സമയം പാര്‍ലറിന്റെ ഉടമ ലീന പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്ന് നടി പോലീസിനോട് പറഞ്ഞു. അധോലോക നായകന് രവി പിളളയുടെ ആളാണെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നും ലീന കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെയാണ് നടിയുടെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ്പ് ഉണ്ടായത്.
സംഭവം നടക്കുമ്പോള്‍ പാര്‍ലറില്‍ നിരവധി പേര് ഉണ്ടായിരുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമികള്‍ വെടിയുതിര്‍ത്തതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പനമ്പിള്ളി നഗറിലെ വാക് വേയ്ക്കിന് സമീപമാണ് നടിയുടെ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ ധര്‍മ്മൂസ് ഫിഷ് ഹബും പ്രവര്‍ത്തിക്കുന്നത്.


