വാഴക്കുളം: സിബിഎസ്ഇ സംസ്ഥാന സ്കൂള്‍ കലോത്സവം ഇംഗ്ലീഷ് വിഭാഗം സ്കിറ്റ് മത്സരത്തില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളിന് ഒന്നാം സ്ഥാനം. ഉണ്ണി ആറിന്റെ ‘കാ’ എന്ന കഥയെ അടിസ്ഥാനമാക്കി സുജിത്ത് സി സുന്ദരന്‍ എഴുതി സംവിധാനം ചെയ്ത ‘ബ്ലാക്ക്’ എന്ന നാടകമാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹമായത്.
നഗരവല്‍ക്കരണം മൂലം കിടപ്പാടം ഇല്ലാതായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥയാണ് ബ്ലാക്ക് അവതരിപ്പിക്കുന്നത്. അടിച്ചിറക്കപ്പെട്ടിടത്തേക്ക് തിരിച്ചെത്തുന്നവരുടെ കഥയായതിനാലാണ് നാടകത്തിന് ബ്ലാക്ക് എന്ന് പേര് നല്‍കിയതെന്ന് നാടകത്തിന്റെ സംവിധായകന് സുജിത്ത് പറഞ്ഞു. ഒരു മാസം നീണ്ടു നിന്ന പരിശീലനത്തിനൊടുവിലാണ് നാടകം മത്സരവേദിയിലെത്തിയത്. അരങ്ങിലെത്തിയ ആദ്യ മത്സരത്തില്‍ തന്നെ ഒന്നാം സ്ഥാനം നേടിയെന്ന സവിശേഷതയും ബ്ലാക്ക് സ്വന്തമാക്കി.
ദേവിക പി.എസ്, അഫ്രിന് ഫാത്തിമ, ആനന്ദ് ശ്രീകുമാര്‍, സ്വാതി അജിത്ത്, ജെറോം വര്‍ഗീസ്, ഗൗരി വി മേനോന്, നിര്‍വൃതി നായിക്, നൈന സിത്താര, മീനാക്ഷി മേനോന്, അതുല്‍ ശ്രീഹരി, ദിയ, അന്നദ മഹേഷ്, അതുല്‍ ശ്രീഹരി എന്നീ പതിമൂന്ന് കുട്ടികളടങ്ങുന്ന സംഘമാണ് നാടകത്തില്‍ അഭിനയിച്ചത്. 11 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ രണ്ട് ടീമുകള്‍ രണ്ടാം സ്ഥാനവും മൂന്ന് ടീമുകള്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.


