കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് സ്കൂളിൽ എത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്.
കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിച്ചെത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നു. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ സ്കൂള്‍ അധികൃതര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍- ജൂലൈ മാസത്തില്‍ രണ്ടോ മൂന്നോ ദിവസങ്ങളിലും കുട്ടി ഹിജാബ് ധരിച്ചെത്തിയിരുന്നതായി സ്കൂള്‍ മാനേജ്മെന്റ് പറഞ്ഞിരുന്നു.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.