തിരുവല്ല: നിർമിത ബുദ്ധി അടക്കം ഉപയോഗിച്ച് കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. നിർമിത ബുദ്ധി സഹായത്താൽ കെഎസ്ആർടിസി ഷെഡ്യൂൾ പരിഷ്കരിക്കും. പലപ്പോഴും ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്ന സാഹചര്യമുണ്ട്. നിർമിത ബുദ്ധിയാൽ പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടിൽ കൃത്യമായ ഇടവേളയിൽ ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും. ജിപിഎസ് സഹായത്താൽ ഗതാഗത കുരുക്ക് മുൻകൂട്ടി അറിഞ്ഞ് ഷെഡ്യൂൾ നിശ്ചയിക്കാനാകും. കൂട്ടായ പ്രവർത്തന ഫലമായാണ് കെഎസ്ആർടിസി ലാഭത്തിലായത്.
ഒരു ബസിൽ നിന്ന് കിലോമീറ്ററിന് ശരാശരി 50 രൂപ ലഭിക്കുന്നു. കർണാടകയിലും തമിഴ്നാടിലും യഥാക്രമം 38, 36 രൂപയാണ്. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളും ലാഭകരമായി മുന്നേറുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടര കോടി രൂപയാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിലൂടെ ലാഭം നേടിയത്. കൂടുതൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും. ആറുവരി ദേശീയ പാത പ്രവർത്തന സജ്ജമാക്കുന്നതോടെ ലൈൻ ട്രാഫിക് പഠിപ്പിച്ചു കൊണ്ടാകും ഡ്രൈവിംഗ് പരിശിലനം. കെഎസ്ആർടിസിയിൽ നിയമനത്തിന് പൊലീസിലേത് പോലെ ഫിറ്റ്നെസ് ടെസ്റ്റ് പ്രാവർത്തികമാക്കുന്നത് പി എസ് സിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
2025 ഓഗസ്റ്റ് എട്ടിലെ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. സർവകാല റെക്കോഡാണിത്. നിലവിൽ ഒരു ബസിൽ നിന്ന് പ്രതി ദിനം ലഭിക്കുന്നത് 17,000 രൂപയാണ്. സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പാക്കി. ചലോ ആപ്പ്, ട്രാവൽ കാർഡ്, വിദ്യാർത്ഥികൾക്കായി ഓൺലൈൻ കൺസെഷൻ അവതരിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ വിഷൻ 2031 അവതരണം നടത്തുകയായിരുന്നു മന്ത്രി.