പാലക്കാട് പുത്തൂരിൽ സത്യക്കല്ലുമലയുടെ താഴ്വാരത്ത് വൻ കഞ്ചാവ് കൃഷി വേട്ട. വനപ്രദേശത്ത് 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. കേരള പോലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത്. പുതൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുളള സത്യകല്ലുമലയുടെ താഴ്വാരത്ത് വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന് തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിവരം ലഭിക്കുന്നു. ഉടൻ പാലക്കാട് എസ്പിയെ വിവരം അറിയിക്കുന്നു.
കേരള തീവ്രവാദ വിരുദ്ധ സേനയും പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതൂർ പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്. കാട്ടിലൂടെ ഏകദേശം 5 മണിക്കൂറോളം യാത്ര ചെയ്താണ് പോലീസ് കാട്ടിനകത്ത് കഞ്ചാവ് തോട്ടത്തിൽ എത്തിച്ചേർന്നത്. എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. പതിനായിരത്തിലധികം കഞ്ചാവ് ചെടികൾ. ഒരു ചെടിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് വരെ ഉണ്ടാക്കാം.