വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പരിസ്ഥിതി പ്രവര്ത്തകൻ ഡോ. മാധവ് ഗാഡ്ഗിൽ. കൽപ്പറ്റയിൽ പ്രകൃതി സംരക്ഷണ സമിതിയുടെ പരിസ്ഥിതി സമ്മേളനത്തിൽ വീഡിയോ സന്ദേശത്തിലാണ് മാധവ് ഗാഡിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേരളത്തിലെ ക്വാറി പ്രവർത്തനങ്ങളെയും പരിസ്ഥിതി ചൂഷണത്തെയും വിമർശിച്ച മാധവ് ഗാഡ്ഗിൽ വയനാട് ദുരന്തബാധിതർക്ക് 25,000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായവരുടെ പുനരധിവാസം കൃത്യമായി നടക്കണമെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള മുൻ ദുരന്തങ്ങളിൽ മതിയായ വീണ്ടെടുക്കൽ ഉണ്ടായില്ല. കേരളത്തിലെ വലിയൊരു ശതമാനം ക്വാറികളും അനധികൃതമാണ്. എത്ര ക്വാറികൾ പ്രവർത്തിക്കുന്നുണ്ട് എന്നതിന് കൃത്യമായ കണക്കുകളില്ലെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു.
ഇന്ത്യയ്ക്ക് മോശം ആഗോള പാരിസ്ഥിതിക റെക്കോർഡാണുള്ളത്. ഇത് മാറണം. കേരളത്തിലേതുൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങൾ തദ്ദേശവാസികൾക്ക് കൈമാറണം. കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതമാണ്. എല്ലാ ക്വാറികളും സർക്കാരിന് കൈമാറണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം. വലിയ റിസോർട്ടുകൾ പ്രകൃതിയെ ബാധിക്കുന്നു. ഇത് വയനാടിനെയും ബാധിച്ചു. ഗോവൻ ഫാമിലി ടൂറിസം മാതൃക വയനാട്ടിലും നടപ്പാക്കണം. തേയിലത്തോട്ടങ്ങൾ തൊഴിലാളി സഹകരണ സംഘങ്ങൾ ഏറ്റെടുക്കണമെന്നും ഗാഡ്ഗിൽ പറഞ്ഞു.


