തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ അമ്മയെ സംരക്ഷിക്കണമെന്ന് സികെ ഹരീന്ദ്രൻ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ജോയിയുടെ ഏക വരുമാനത്തിലായിരുന്നു മാതാവ് കഴിഞ്ഞിരുന്നതെന്നും അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു താമസമെന്നും എം.എൽ.എ സി.കെ ഹരീന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ഇടപെട്ട് ജോയിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം റെയിൽവേയിൽ നിന്ന് ഉറപ്പാക്കണമെന്നും പാറശ്ശാല എംഎൽഎ മുഖ്യമന്ത്രിയോട് നിർദേശിച്ചു.
ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മരണവാർത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജോയിയെ കണ്ടെത്താനായി മനുഷ്യസാധ്യമായ എല്ലാ നടപടികളുമെടുത്തെങ്കിലും അതിന് സാധിക്കാത്തത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


