തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തി വീഴ്ത്തിയ കേസില്‍ പ്രതിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എന്‍.നസീം ഏരിയ പ്രസിഡന്റിനെ മര്‍ദിച്ച കേസിലും പ്രതി.
കഴിഞ്ഞ വര്‍ഷം ക്യാംപസിനുള്ളില്‍ എസ്എഫ്ഐ വഞ്ചിയൂര്‍ ഏരിയ പ്രസിഡന്റായിരുന്ന അമ്ബാടി ശ്യാം കുമാറിനെയും മറ്റൊരു എസ്എഫ്ഐ നേതാവ് അമലിനെ കല്ല് കൊണ്ട് ഇടിച്ച കേസിലും പ്രതിയാണ്. യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ കണ്ണടച്ച് ഇരുട്ടാക്കി സിപിഎമ്മും പൊലീസും ഒളിച്ചുകളി തുടരുന്നതിന്റെ കാരണം പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ്. എന്നാല്‍ സമ്മര്‍ദ്ദം അതിശക്തമായപ്പോള്‍ നസീമും ശിവരഞ്ജിത്തും പൊലീസിന് മുന്നിലെത്തി. എസ് എഫ് ഐ നേതൃത്വം തന്നെയാണ് ഇടപെടല്‍ നടത്തിയത്. സര്‍ക്കാരിന് തലവേദന ഉണ്ടാകുന്നതാണ് ഇതിന് കാരണം.
യൂണിവേഴ്സിറ്റി കോളേജിലെ ‘കൊടി സുനി’ ആയിരുന്നു നസീം. എന്തിനും ഏതിനു മുമ്ബില്‍ നില്ക്കുന്ന എസ് എഫ് ഐ നേതാവ്. ഗുണ്ടാ പരിവും നടത്തി. ചോദ്യമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തി.
അങ്ങനെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിന് സമാനമായ വിദ്യാര്‍ത്ഥി രാഷ്ട്രീയം യൂണിവേഴ്സിറ്റി കോളേജില്‍ നടപ്പാക്കി. മൂന്ന് പതിറ്റാണ്ടിലേറെയായി യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ മാത്രമാണുള്ളത്. എസ് എഫ് ഐക്കാര്‍ക്ക് ഇവിടെ സസുഖം കഴിയാമായിരുന്നു. എന്നാല്‍ നസീം നേതൃത്വത്തിലെത്തിയപ്പോള് പാര്‍ട്ടിക്കാര്‍ക്കും വിലക്ക് വന്നു. താന്‍ ആഗ്രഹിക്കാത്തതൊന്നും ആരും ചെയ്യരുതെന്ന അലിഖിത നിയമം നസീം നടപ്പാക്കി.
സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം നസീമിനൊപ്പമായിരുന്നു. ഡിവൈഎഫ് ഐയും അകമഴിഞ്ഞ് പിന്തുണ നല്കി. നസീമിന്റെ ക്രൂരതകള്‍ക്ക് നേതൃത്വം കൂട്ടു നില്ക്കാന് തുടങ്ങിയതോടെ കോളേജില്‍ ക്വട്ടേഷന്‍ നടപ്പാക്കുന്ന ഗുണ്ടാ നേതാവായി നസീം മാറി.
അഖിലിനെ കുത്തിയ സംഘത്തിന് നേതൃത്വം നല്കിയ എസ്.എഫ്.ഐ. നേതാവ് നസീം പൊലീസുകാരെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു. പാളയത്ത് സിഗ്നല്‍ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാള്‍ പൊലീസുകാരെ പൊതുനിരത്തില്‍ വളഞ്ഞിട്ട് തല്ലിയത്.
അക്രമംനടന്നതിന് തൊട്ടുപിന്നാലെ കണ്‍ട്രോള്‍റൂമില്‍നിന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. കേസില്‍നിന്ന് ഒഴിവാക്കാനും വന്‍ സമ്മര്‍ദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പകരക്കാരെ നിയോഗിച്ചാണു പരീക്ഷ എഴുതുന്നതെന്നും പെണ്‍കുട്ടികളുടെ സ്വര്‍ണമാല വാങ്ങി പണയം വച്ചു തട്ടിപ്പു നടത്തുന്നതു പതിവാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എസ്എഫ്ഐ വഞ്ചിയൂര്‍ മുന്‍ ഏരിയ സെക്രട്ടറി അമ്ബാടി ശ്യാംപ്രകാശാണ് നസീമിനെതിരെ ഗുരുതര ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നത്. പ്രളയദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പരാതി നല്‍കിയത് അമ്ബാടിയാണ്. ഇതിന് പ്രതികാരമാണ് തനിക്കെതിരെ ഉണ്ടായ ആക്രമമെന്ന് അമ്ബാടി വിശദീകരിക്കുന്നു.
”എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഞാന്‍ ഈ വര്‍ഷമാണ് യൂണിവേഴ്സിറ്റി കോളജില്‍ നിന്നു പിജി ഇംഗ്ലിഷ് പഠിച്ചിറങ്ങിയത്. പ്രളയദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയതിനെതിരെ കോടിയേരിക്കു പരാതി നല്കി.
ഇക്കാര്യം അറിഞ്ഞതു മുതല്‍ യൂണിറ്റ് സെക്രട്ടറി നസീമിന്റെ ഭീഷണി ഉണ്ടായിരുന്നു. തിരിമറിയെക്കുറിച്ചു ജില്ലാ കമ്മിറ്റിയുടെ 8 യോഗങ്ങളില്‍ ഇക്കാര്യം പലരും ഉന്നയിച്ചെങ്കിലും നേതാക്കള്‍ മറുപടി നല്‍കിയില്ല-അമ്ബാടി പറയുന്നു.
കോളജില്‍ ഒരു ഭാരവാഹി എന്നോടു കാര്യമില്ലാതെ കയര്‍ത്തു. പിന്നാലെ നസീമും സംഘവും എത്തി 20 മിനിറ്റ് മര്‍ദിച്ചു. മരക്കസേര കൊണ്ടു മുതുകില്‍ അടിച്ചു. കസേര രണ്ടായി പിളര്‍ന്നു. സംഭവം അറിഞ്ഞു വഞ്ചിയൂരില്‍ നിന്ന് എസ്എഫ്ഐ നേതാക്കള്‍ കോളജിനു പുറത്തുവന്നു. ഞാനും അവരുടെ അടുത്തെത്തി. ആക്രോശിച്ചുകൊണ്ടു പുറത്തുവന്ന നസീം എന്റെ സുഹൃത്ത് അമലിന്റെ മുഖത്തു കല്ലുകൊണ്ടിടിച്ചു. മുഖത്തിന്റെ ഒരു ഭാഗം തകര്‍ന്നുപോയി. എസ്എഫ്ഐ സെക്രട്ടറിയായിരുന്ന പ്രതിന്‍സാജ് കൃഷ്ണയോടു പരാതി പറഞ്ഞപ്പോള്‍ നസീമിനെയാണു ന്യായീകരിച്ചത്.”-അമ്ബാടി പറയുന്നു. ആനാവൂര്‍ നാഗപ്പന് ഉള്‍പ്പെടെയുള്ള നേതാക്കളോടും എസ്.എഫ്.ഐ. സംസ്ഥാന നേതാക്കളോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍, പരാതിപ്പെടുന്നവരാണ് കുറ്റക്കാരെന്ന രീതിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും അമ്ബാടി പറയുന്നു.
കോളജില്‍ തനിക്കേറ്റ എസ്.എഫ്.ഐയുടെ ക്രൂരമര്‍ദനത്തിന്റെ കഥ പൂര്‍വവിദ്യാര്‍ത്ഥി ജസീല്‍ മമ്ബാട് ഫേസ്ബുക്കിലൂടെയാണു വെളിപ്പെടുത്തിയത്. മെയ് 21-ന് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് പുതിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വൈറലാകുകയാണ്. കോളജിനു പുറത്തു നിന്ന് നോട്ടീസ് കൊടുത്തതിനാണ് എസ്.എഫ്.ഐ. നേതാക്കള്‍ തല്ലിച്ചതച്ചത്. കൂടെയുണ്ടായിരുന്ന മയൂഫ്, സജീര്‍ എന്നിവരെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍വച്ച് പട്ടികകൊണ്ടും ഇഷ്ടികക്കഷ്ണങ്ങള്‍കൊണ്ടും തല്ലിപ്പരുവമാക്കി. അതിനു ശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ ഒരു പറ്റം കുട്ടിസഖാക്കള്‍ തൂക്കിയെടുത്തു കൊണ്ടുപോയി യൂണിറ്റ് റൂമെന്ന ഇടിമുറിയിലേക്കു തള്ളി ഇരുപത്തഞ്ചോളം പേര് ചേര്‍ന്ന് തല്ലിച്ചതച്ചു. പുറത്ത് പൊലീസ് എത്തിയതുകൊണ്ടു മാത്രമാണു ജീവനോടെ രക്ഷപ്പെട്ടതെന്നും ജസീല്‍ പറയുന്നു. ഈ ഇടിമുറിയെ കുറിച്ചാണ് അറിയില്ലെന്ന് പ്രിന്‍സിപ്പല്‍ വിശ്വംഭരന് പറയുന്നത്.


