കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട് അറിയിക്കും. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
ഇൻസ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്റെ വർത്തമാനം മോഹകസേര കണ്ടാണ്. ആഗോള അയ്യപ്പ സംഗമം ഓഡിറ്റർ സാധാരണ നിലയിൽ സ്വീകരിക്കേണ്ട രീതിയിലല്ല കാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും പി രാജീവ് പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രതികരണം.
വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപത്യത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.


