തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്നം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ അന്വേഷണം വേണമെന്ന് ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു. മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് മരണമൊഴി. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നത്. മരണമൊഴി ഇന്ന് പൊലീസ് മജിസ്ട്രേറ്റില്‍ നിന്ന് വാങ്ങും. മുട്ടടയിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലന്‍ നായര്‍ ഒരു ഓട്ടോയില്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി എന്ന വിവരമാണ് പൊലീസിന് കിട്ടിയത്. ഓട്ടോ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. കത്തിക്കാന്‍ ഉപയോഗിച്ച് മണ്ണെണ്ണ എവിടെ നിന്നും കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.

