തിരുവന്തപുരം: മംഗളം ചാനലിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടെന്ന് സുഹൃത്തായ മാധ്യമ പ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തന്റെ റൂംമേറ്റും മംഗളം ജീവനക്കാരനുമായ സുഹൃത്തിനെ കുറിച്ച് മാധ്യമപ്രവര്ത്തകന് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
പേര് ഷിനു. കോഴിക്കോട് പേരാമ്പ്രക്കാരനാണ്. മലയാളം സര്‍വകലാശാലയില്‍ എംഎ ചലച്ചിത്രപഠനം പഠിച്ചു പാസായി പുറത്തിറങ്ങി. പഠിച്ചിറങ്ങിയ ഉടനെ ക്രൗഡ് ഫണ്ടിംഗിലൂടെ ദളിത് വിഷയം പ്രമേയമായ ഒരു ഷോര്‍ട്ട് ഫിലിം എടുത്തു. സിനി യൂണിറ്റ് ഒക്കെ എടുത്തായിരുന്നു ഷൂട്ടിംഗ്. പണം തികയാതെ, നല്ലൊരു സംഖ്യ കടമെടുത്ത് മുടക്കി ചിത്രീകരണം പൂര്‍ത്തിയാക്കി. പോസ്റ്റ് പ്രൊഡക്ഷന്‍ പണമില്ലാത്തുകൊണ്ട് ആ പടം ഇനിയും ഇറങ്ങീട്ടില്ല. കടക്കാരനായി വീട്ടില്‍ നില്ക്കാന് വയ്യാതെ തിരുവനന്തപുരത്തെത്തി. സിനിമാ മോഹങ്ങള്‍ക്ക് അവധി കൊടുത്ത് മംഗളം ടെലിവിഷനില്‍ പിസിആര്‍ ടെക്നീഷ്യനായി തുച്ഛമായ ശമ്പളത്തിന് ജോലിക്കു കയറി. ഇപ്പോള്‍ തിരുവനന്തപുരത്ത് ഞാന്‍ താമസിക്കുന്ന വീട്ടിലെ മറ്റൊരു അന്തേവാസിയാണ്.
കഴിഞ്ഞ മൂന്നര മാസമായി ഷിനുവിന് മംഗളം ടെലിവിഷനില്‍ നിന്ന് ചില്ലിക്കാശ് ശമ്പളം കൊടുത്തിട്ടില്ല. എങ്ങനെ ജീവിക്കുന്നു, എവിടുന്ന് ഭക്ഷണം കഴിക്കുന്നു എന്നൊന്നും മാനേജ്മെന്റിന് അറിയണ്ട. ദിവസവും കൃത്യമായി ജോലിക്ക് പോകും, രാപ്പകല്‍ നോക്കാതെ പണിയെടുക്കും. എന്നും HR മാനേജരോട് ശമ്പളം ചോദിക്കും, എന്നും അവര്‍ കൈമലര്‍ത്തും. ‘എന്നും വന്നു ചോദിക്കണമെന്നില്ല, ഒരുദിവസം ഒന്നിച്ചങ്ങു തരും’ എന്നാണത്രേ മറുപടി! ജോലി ചെയ്ത കാശിനായി ചാനല്‍ അധികാരികളുടെ മുന്നില്‍ തെണ്ടേണ്ടി വരുന്ന സങ്കടം എന്നും ഷിനു ഞങ്ങളുടെ വാടകവീട്ടിലെത്തി പറയും. ശമ്പളം ചോദിച്ചു ചോദിച്ച് മടുത്തു. ഇത് ഷിനുവിന്റെ മാത്രം കഥയല്ല, ഒപ്പം ജോലി ചെയ്യുന്ന എല്ലാ സാങ്കേതിക പ്രവര്‍ത്തകരുടേയും അവസ്ഥ ഇതാണത്രേ.
ഒടുവില്‍ സഹികെട്ട് ഇന്ന് ഷിനുവും സഹപ്രവര്‍ത്തകരും ഇന്ന് പണിമുടക്ക് സമരം തുടങ്ങി. വാര്‍ത്താ ബുള്ളറ്റിനുകള്‍ മുടങ്ങി. ഷൂട്ടിംഗ് തടസപ്പെടുത്തി എന്നുകാട്ടി ഷിനുവിനും 12 സഹപ്രവര്‍ത്തകര്‍ക്കും എതിരെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് കൊടുത്തിരിക്കുകയാണ് ചാനല്‍ അധികാരികള്‍. മൂന്ന് മാസമായി ചായക്കാശുപോലും കിട്ടാതെ പണിയെടുക്കുന്ന ഈ ചെറുപ്പക്കാര്‍ നഷ്ടപരിഹാരം നല്‍കണം എന്നാണ് ആവശ്യം. തൊഴില്‍ മന്ത്രിയുടെ ഓഫീസിലും പാര്‍ട്ടി ഓഫീസുകളിലുമെല്ലാം പരാതി നല്കാന് പോയി, അലഞ്ഞുതിരിഞ്ഞ് ആകെ മുഷിഞ്ഞ് ഇപ്പോഴാണ് ആള് മടങ്ങിവന്നത്.
ഈ മനുഷ്യാവകാശ ലംഘനം കേരളം കാണണം. അന്തസോടെ ജീവിക്കാനായുള്ള സമരത്തിന്റെ കൂടെ നില്‍ക്കണം. ചാനല്‍ സാങ്കേതിക പ്രവര്‍ത്തകരുടേത് അസംഘടിത മേഖലയാണ്, ഇടപെടാനാകുന്നവര് ഇടപെടണം. മംഗളം ചാനലില്‍ പോയിരുന്ന് നൈതിക ചര്‍ച്ചകള്‍ നടത്തുന്ന പൊതുപ്രവര്‍ത്തകര്‍ ഇത് ശ്രദ്ധിക്കണം.
(മൈക്കല്‍ ജാക്സന്റെ They don’t care about us ആല്‍ബം മൊബൈല്‍ ഫോണില്‍ ആവര്‍ത്തിച്ചു കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഷിനു അറിയാതെ പകര്‍ത്തിയ ചിത്രമാണ് ഒപ്പം.)
https://www.facebook.com/sujith.chandran.79