തിരുവനന്തപുരം: ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും എന്തു വേണം എല്ലാവരും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. എല്ലാ പാർട്ടികളും ആലോചിക്കണം. പി എം ശ്രീ വിഷയത്തിൽ എൽഡിഎഫിൽ അന്തഛിദ്രം രൂക്ഷമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പരാതികൾ കൊടുത്തിട്ടും പരിഹാരം ഇല്ല. എന്തുവേണം എന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അദേഹം പ്രതികരിച്ചു. കഴിഞ്ഞ 45 വർഷമായി ഇടത് ഭരണം തിരുവനന്തപുരം കോർപ്പറേഷനെ മുടിച്ചു. അഴിമതി കൊള്ളയുമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്നത്. പരാജയപ്പെടുന്നതിന് മുൻപ് മേയർ കോഴിക്കോടേക്ക് പോയത് നന്നായി. ഇനി കോഴിക്കോട് സ്ഥിരതാമസം ആക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
50 വർഷം മുൻപ് ഉണ്ടായിരുന്ന തിരുവനന്തപുരം തന്നെയാണ് ഇപ്പോഴും ഉള്ളത്. ജനങ്ങൾക്ക് വേണ്ടി മേയർ എന്ത് ചെയ്തെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കുടിവെള്ളം, റോഡ് അങ്ങനെ എല്ലാം പ്രശ്നം ആണ്. തിരുവനന്തപുരത്തുകാർക്ക് ഇതൊരു അവസരമാണ്. മുൻ മന്ത്രിയെപ്പറ്റി സി പി എം കൗൺസിലർ തന്നെ പറഞ്ഞുകഴിഞ്ഞു. ബിജെപിയെ അധികാരത്തിൽ കൊണ്ടുവരാൻ സിപിഐഎം ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


