തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, ഒരു ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിർദ്ദേശവും നൽകിയിട്ടുണ്ട്.
മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുൻകരുതലെന്നോണം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നു. 18 ഡാമുകളുടെ ഷട്ടറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. ജാഗ്രതാനിർദ്ദേശത്തിന്റെ ഭാഗമായി മണ്ണിടിച്ചിൽ ഭീഷണിയുളള മേഖലകളിൽ നിന്നും കൂടുതൽ പേരെ ക്യാംപുകളിലേക്ക് മാറ്റും. സംസ്ഥാനത്ത് രണ്ടര ലക്ഷം പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. 838 വീടുകൾ പൂർണമായും 8718 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരിതബാധിതർക്കുളള ധനസഹായം ഇന്ന് മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും.


