കാസർകോട്/ പത്തനംതിട്ട: കനത്ത മഴയെതുർന്നത് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കനത്തമഴ കണക്കിലെടുത്താണ് പത്തനംതിട്ടയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പി ബി നൂഹ് അവധി പ്രഖ്യാപിച്ചത്. കാസർകോട്ടും പ്രഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ അവധി ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. കണ്ണൂരില്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾക്കും വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. ഇന്ന് നടക്കേണ്ടിയിരുന്ന കേരള സർവകലാശാലയുടെ എല്ലാ പരീക്ഷകളും പിഎസ്സി വകുപ്പ് തല പരീക്ഷകളും മാറ്റിയിട്ടുണ്ട്.
പമ്പ നദി, മണിമല, അച്ചന്‍കോവില്‍ ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു വരുകയാണ്. ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി പമ്പാ നദിയില്‍ 10 അടി ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ പരക്കെ ശക്തമായ മഴയാണ് പെയ്യുന്നത്.


