സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ മൂന്നാംപ്രതിയായ ഫരീദിനെതിരെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ഇപ്പോള്‍ യുഎഇയിലുള്ള ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചുകൊണ്ട് എന്‍ഐഎ കോടതി ജഡ്ജി പി കൃഷ്ണകുമാര്‍ ആണ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ ജാമ്യമില്ലാ വാറണ്ട് നില്ക്കുന്ന പ്രതിയാണെങ്കില്‍ ഇന്റര്‍പോള്‍ വഴി അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള കരാര്‍ ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. ഫൈസലിനെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് എന്‍ഐഎ ശ്രമിക്കുന്നത്.

