മറയൂര്‍ : ദാരുണമായി കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ സ്വപ്ന ലൈബ്രറി സ്വന്തം ഗ്രാമത്തില്‍ സാക്ഷാല്‍ക്കാരമായി.അഭിമന്യുവിന്റെ സ്മരണക്കായി വട്ടവട ഗ്രാമപഞ്ചായത്ത് സ്ഥാപിക്കുന്ന വായനശാലയിലേക്കാണ് പുസ്തകങ്ങളുടെ പ്രവാഹം ഒഴുകിയെത്തിയിരിക്കുന്നത്. ക്രൂരമായി കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ എത്തുന്നവരാരും തന്നെ വെറും കൈയ്യോടെയല്ല ഇപ്പോള്‍ എത്തുന്നത്.നാടിന് വേണ്ടി അഭിമന്യൂ കണ്ട സ്വപ്നം പൂവണിയുവാന്‍ വേണ്ടി കൈയ്യില്‍ നിരവധി പുസ്തകങ്ങളുമായാണ് എല്ലാവരും ഇവിടേക്ക് എത്തുന്നത്.
കൂടാതെ, ഒട്ടനവധി സ്ഥലങ്ങളില്‍ നിന്നും മറ്റും തപാല്‍ മാര്‍ഗ്ഗം വഴിയും നിരവധി ബുക്കുകള്‍ ഇവിടേയ്ക്ക് എത്തിച്ചേരുന്നുണ്ട്. ഇതിനുപുറമെ ഓണ്‍ലൈന്‍ വഴി തുക ഒടുക്കിയ ശേഷം വട്ടവട ഗ്രാമപഞ്ചായത്തിന്റെ വിലാസം നല്കി പുസ്തകങ്ങള്‍ എത്തിക്കുന്നവരും ഏറെയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി സംഘടനകളും പുസ്തക ശേഖരണ ക്യാംപയിനും മറ്റും നടത്തുന്നുണ്ട്. മാത്രമല്ല, രണ്ടാം ശനിയാഴ്ച അവധി ദിവസമായിരിന്നിട്ട് പോലും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി വായനശാലയ്ക്ക് സമര്‍പ്പിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നു. രണ്ടായിരത്തോളം പുസ്തകങ്ങളാണ് ഇന്ന് മാത്രമായി ഇവിടേയ്ക്ക് എത്തിചേര്ന്നിരിക്കുന്നതെന്നും, ഇതിനെല്ലാം ഉപരിയായി വട്ടവടയിലെ യുവതീ യുവാക്കള്‍ക്ക് ശനി ഞായര്‍ ദിവസങ്ങളിലെത്തി പിഎസ്സി കോച്ചിംഗ് നല്കാന് നിരവധിപേര്‍ നേരിട്ടും ഫോണിലൂടെയും സന്നദ്ധത അറിയിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തന്റെ ഗ്രാമത്തില്‍ ഒരു ലൈബ്രറി വേണമെന്നത് അഭിമന്യൂവിന്റെ ഏറെ നാളത്തെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു.ഇതിനായി കഴിഞ്ഞ ഗ്രാമസഭയിലും പഞ്ചായത്ത് വികസന സെമിനാറിലും പങ്കെടുത്ത് അഭിമന്യു തന്നെ ഈ ആശയം മുന്നോട്ട് വച്ചിരുന്നു. ഇപ്പോളിതാ ഒരു മാസത്തിനുള്ളില്‍ വായനശാല യാഥാര്‍ത്ഥ്യമാക്കാനും വായനശാലയ്ക്ക് ‘അഭിമന്യു മഹാരാജാസ് ലൈബ്രറി’ എന്ന് നാമകരണം ചെയ്യാനുമാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.
പുസ്തകങ്ങള്‍ അയക്കേണ്ട വിലാസം
പ്രസിഡന്റ്/സെക്രട്ടറി
വട്ടവട ഗ്രാമപ്പഞ്ചായത്ത് ഓഫീസ്,
വട്ടവട ഇടുക്കി ജില്ലാ
പിന് : 685619
ഫോണ്‍ : 04865 214054


