കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 24 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. തീപ്പിടിത്ത വാര്‍ത്തയറിഞ്ഞ നിമിഷംമുതല്‍ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു മംഗെഫിലെ ആ ഫ്ളാറ്റിൽ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകര്‍ത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണവിവരങ്ങള്‍ കേരളം കേട്ടു
പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം. കണ്ണീരടക്കാനാകാതെ വിതുമ്പിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമുണ്ടായിരുന്നവരും കുഴങ്ങി. പൊതുദര്‍ശനത്തിനുശേഷം ആംബുലന്‍സുകളില്‍ അതാത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും.കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും തേങ്ങലുകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷമായിരുന്നു വിമാനവത്താവളത്തിൽ. ഉറ്റവരുടെ തീരാത്ത ദുഃഖത്തിന് സാക്ഷിയാകാന്‍ മാത്രമേ കണ്ടുനിന്നവര്‍ക്ക് കഴിയുമായിരുന്നുള്ളൂ.


