വെള്ളാപ്പള്ളിയെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം. കോടതിവിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസമുള്ള പ്രഖ്യാപനം. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും പിന്നാക്കം പോകുന്നു. എസ്എൻഡിപി യോഗം ആൾക്കൂട്ടം മാത്രമായി നിൽക്കുന്നു . ശ്രീനാരായണ ഗുരു ദർശനങ്ങൾ പ്രവർത്തികമാക്കാൻ പ്രവർത്തനങ്ങൾ നടത്തിയില്ലെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ജാതി ചോദിക്കരുത് പറയരുത് വിചാരിക്കരുത് എന്ന് ഗുരുദേവൻ പറഞ്ഞു. ജാതി ചോദിക്കണം വിചാരിക്കണം എന്ന വ്യാഖ്യാനങ്ങൾ അടുത്തകാലത്ത് ഉണ്ടാകുന്നു. അയ്യപ്പൻ മുതൽ ആരും ഒറ്റയ്ക്ക് ജാതി പറയുകയോ മറ്റു സമുദായങ്ങളെ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കുകയാണ് ചെയ്തത്.ശ്രീനാരായണ ഗുരുവിൻറെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്ന നിർദ്ദേശം വന്ന ദുരവസ്ഥയുണ്ടായി. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്ന് പിന്നോക്കം പോകുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ ജയിക്കുന്ന മണ്ഡലങ്ങൾ പിന്നാക്ക സമുദായക്കാർക്ക് നൽകുന്നില്ലെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി.കരുണാകരൻ, ആന്റണി എന്നിവരുടെ കാലം വരെ ഇങ്ങനെ അല്ലായിരുന്നു. ഇപ്പോൾ തോൽക്കുന്ന മണ്ഡലങ്ങൾ മാത്രം നൽകുകയാണ്.എൽഡിഎഫ് മന്ത്രിസഭയിൽ ഒരു സമുദായത്തിൽപ്പെട്ട പത്തുപേരുണ്ട്. പിന്നാക്കക്കാരില്ലെന്നും സ്വാമി സച്ചിദാനന്ദൻ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കമ്പനി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ ഒന്പത് വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി.


