ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മാറ്റത്തെ ന്യായീകരിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. വിഷയത്തില്‍ സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ടെങ്കിലും അത് അതുപടി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ഒരിക്കലും പറയാറില്ലെന്നും സമൂഹത്തിന്റെ പൊതുവിലുള്ള അവസ്ഥ നോക്കണമെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. ഏതൊരു സാമൂഹ്യമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാതെ നോക്കണമെന്ന് ഭരണഘടന പറയുന്നുണ്ട്. ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദഗ്ധ സമിതിയുടെ തീരുമാനവും നിര്‍ണായകമാണെന്നും എം എ ബേബി പറഞ്ഞു.
ആചാരപരമായ ചരിത്രമുള്ള ആരാധനാലയങ്ങളില്‍ മാറ്റം വകരുത്തുന്ന തീരുമാനിക്കുമ്പോള്‍ പാണ്ഡിത്യമുള്ളവര്‍, സമൂഹത്തില്‍ സ്വീകാര്യതയുള്ള സാമൂഹ്യ പരിഷ്കര്ത്താക്കര്, തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ തുടങ്ങിയവരുടെ സംഘത്തിന്റെ അഭിപ്രായം ശേഖരിക്കണമെന്നാണ് എല്‍ഡിഎഫ് മുമ്പേ സ്വീകരിച്ച നിലപാടെന്നും എം എ ബേബി വിശദീകരിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനമാണ് സിപിഐഎം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


