തിരുവനന്തപുരം: അതീവ സുരക്ഷമേഖലയായ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ മോഷ്ടാവിലേക്കെത്താൻ കഴിയാതെ പൊലീസ്. പാർട്ടി നടന്ന ഓഫീസേഴ്സ് മെസിൽ സിസിടിവി ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോഷണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക ക്യാമ്പിലേക്ക് പാർട്ടിക്കായി പുറത്തുനിന്ന് വന്ന 18 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു. ഇവരെക്കൂടാതെ ക്യാമ്പിലുണ്ടായിരുന്നത് സൈനികരും ബന്ധുക്കളുമാണ്. സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്.
സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബിൽ ബുധനാഴ്ച സംഘടിപ്പിച്ച പാർട്ടിക്ക് ശേഷമാണ് കൊമ്പുകള്‍ കാണാതായത്. സംസ്ഥാന സർക്കാർ വർഷങ്ങള്‍ക്ക് മുമ്പ് കൈമാറിയ ആനകൊമ്പുകളാണ് കാണാതായത്. 2 കോടി രൂപ വില മതിപ്പ് വരുമെന്ന് നിഗമനം. സംഭവത്തില്‍ പൂജപ്പര പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പലതരത്തിലെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ ആർക്കും സൈനിക ക്യാമ്പിലേക്ക് പ്രവേശനമുള്ളൂ. അതീവ സൂരക്ഷാമേഖലയിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ മോഷണം പോയത് അമ്പരപ്പിക്കുന്ന വിവരമാണ്. ബുധനാഴ്ച രാത്രി ഓഫീസേഴ്സ് ക്ലബിൽ ഡിജെ ഉള്‍പ്പെടെ പാർട്ടി നടന്നിരുന്നു. ഇതിലേക്ക് സൈനികരെ കൂടാതെ ശബ്ദവും വെളിച്ചവും സജ്ജീകരിക്കുന്നതിനായി 18 പേരെ പുറത്തുനിന്നും എത്തിച്ചിരുന്നു. രാത്രി ഏറെ വൈകിയാണ് പരിപാടികള്‍ കഴിഞ്ഞത്.
വ്യാഴാഴ്ചയാണ് ക്ലബിനുള്ളിൽ പ്രദർശിപ്പിച്ചിരുന്ന ആനക്കൊമ്പുകള്‍ കാണാനില്ലെന്ന് അറിയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയാണ് ആദ്യം വിവരമറിയിച്ചത്. രഹസ്യ അന്വേഷണം നടത്തിയെങ്കിലും ക്യാമ്പിനുള്ളിൽ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തിയില്ല. അതേസമയം, സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷ്ണർ നേരിട്ടാണ് അന്വേഷണം വിലയിരുത്തുന്നത്.


