തിരുവനന്തപുരം: സിഗ്നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദ്ദനം. എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ വിനയ ചന്ദ്രന്, ശരത്, അമല്‍ കൃഷ്ണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിക്കാണ് സംഭവം നടന്നത്. സംഭവത്തില്‍ കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ യൂണിവേഴ്സിറ്റി കോളെജിലെ വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിന് സമീപം ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. ഏതാണ്ട് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പൊലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. യാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു മര്‍ദ്ദനം.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത അക്രമിസംഘത്തെ രാഷ്ട്രീയ നേതാക്കളെത്തി മോചിപ്പിച്ചു. അക്രമികള്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് സംശയമുണ്ട്. 
ട്രാഫിക്ക് നിയമം ലംഘിച്ച് യുടേണ്‍ എടുത്ത ബൈക്ക് ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. തര്‍ക്കത്തിനിടെ യുവാവ് പൊലീസുകാരനെ പിടിച്ച് തള്ളുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതോടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരായ വിനയ ചന്ദ്രനും ശരതും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് ഇരുവരെയും മര്‍ദ്ദിച്ചു.
ഇതിന് ശേഷം ഇയാള്‍ യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കൂടി വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഘം ചേര്‍ന്ന് പൊലീസുകാരെ മര്‍ദ്ദിച്ചു. എന്നാല്‍ ഇതിനിടെ ഇവിടെ നിന്ന് രക്ഷപ്പെട്ട അമല്‍ കൃഷ്ണ കണ്ട്രോള് റൂമില്‍ വിളിച്ച് സഹായം തേടി. പൊലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം മര്‍ദ്ദനമേറ്റ പൊലീസുകാരെ ഉപേക്ഷിച്ച് കടന്നിരുന്നു.

