തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.
അവസാന തീയതി 21. തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുള്ള 21 വയസ്സു തികഞ്ഞവർക്ക് ആ തദ്ദേശ സ്ഥാപനത്തിലെ ഏതു വാർഡിലേക്കും പത്രിക സമർപ്പിക്കാം. നാമനിർദേശം ചെയ്യുന്നയാൾ ആ വാർഡിലെ വോട്ടറായിരിക്കണം. പട്ടിക വിഭാഗ സംവരണ വാർഡിൽ മത്സരിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപന ജീവനക്കാർക്കു മത്സരിക്കാൻ അർഹതയില്ല. അങ്കണവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും കുടുംബശ്രീ സിഡിഎസ് അധ്യക്ഷർക്കും സ്ഥാനാർഥികളാകാൻ തടസ്സമില്ല. സാക്ഷരത പ്രേരക്മാർ പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ പാടുള്ളു.
സ്ഥാനാര്‍ത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിക്കുളളില്‍ അനുവദിക്കൂ. വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാര്‍ഗ്ഗരേഖ കമ്മീഷന് പുറപ്പെടുവിച്ചിട്ടുണ്ട്.


