മല്ലപ്പള്ളി: ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴക്കിടെ ഇടി മിന്നലേറ്റ് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. മല്ലപ്പള്ളി ഈസ്റ്റ് പയറ്റുകാലാ കരിങ്ങണംപള്ളില് വീട്ടില്‍ രാധാമണി (53), ചുനക്കര തെക്കേതില്‍ എലിസബേത്ത് (42), സഹോദരി ജെസി (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജനലരികില്‍ ഇരിക്കുകയായിരുന്ന രാധാമണിയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് പൊള്ളലേറ്റു. ധരിച്ചിരുന്ന നൈറ്റിയിലേക്കും തീപടര്‍ന്നെങ്കിലും ഭര്‍ത്താവ് ഗോപാലകൃഷ്ണനും മകന് അഭിലാഷും ചേര്‍ന്ന് തീയണച്ചു.
ഇവരുടെ സമീപവാസിയായ എലിസബേത്തിന്റെ കാലിന് പൊള്ളലേറ്റു. സഹോദരി ജെസിയുടെ ചെവികള്ക്കാണ് പരിക്ക്. എലിസബേത്തിന്റെ പിതാവും മാതാവും മൂന്ന് മക്കളും വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. രണ്ട് വീടുകളും ഭാഗികമായി നശിച്ചിട്ടുണ്ട്. ജനലുകള്‍ പൊട്ടിത്തെറിച്ച് തറകള്‍ വിണ്ടുകീറിയ നിലയിലാണ്. ഇരുവീടുകളിലേയും വയറിംഗും, വൈദ്യുത ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റ മൂവരെയും മല്ലപ്പള്ളി ജോര്‍ജ്ജ് മാത്തന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


