കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൻ നവനീത് വിശ്രുതൻ ജോലിൽ പ്രവേശിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിയമനം നൽകിയത്. വൈക്കം ദേവസ്വം ബോർഡ് ഓഫീസിൽ തേർഡ് ഗ്രേഡ് ഓവർസിയറായി നവനീത് ചുമതലയേറ്റെടുത്തു. ജോലിയിൽ പ്രവേശിക്കുന്നത് കാണാൻ മന്ത്രി വി എൻ വാസവനും എത്തി.
ബിന്ദുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മകളുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. മന്ത്രിസഭാ യോഗ തീരുമാനത്തിൽ അനുവദിച്ച പത്ത് ലക്ഷം രൂപ ഉൾപ്പെടെ 10.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്യത്തിൽ വീട് നവീകരിച്ച് അടുത്തിടെ തോക്കോൽ കൈമാറിയിരുന്നു.
എഞ്ചിനീയറിങ് ബിരുദധാരിയാണ് നവനീത്. അമ്മയും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നവനീത് നന്ദി പറഞ്ഞു. സർക്കാർ വാക്ക് പാലിച്ചെന്നായിരുന്നു മന്ത്രി വിഎൻ വാസവൻ്റെ പ്രതികരണം. ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകിയതിനൊപ്പം ജോലി കൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.