കലക്ടർ വി.ആർ.കൃഷ്ണതേജയെ കേരള കേഡറിൽ നിന്ന് ആന്ധ്ര കേഡറിലേക്കു മാറ്റിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. 3 വർഷത്തെ ഡപ്യൂട്ടേഷനിലാണു മാറ്റം.ആന്ധ്ര ഉപമുഖ്യമന്ത്രി പവന് കല്യാണിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. ഉപമുഖ്യമന്ത്രിയായ പവന് കല്യാണിന് ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശൂര്‍ സബ് കളക്ടര്‍, ആലപ്പുഴ കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് തൃശൂരില്‍ കളക്ടറായെത്തിയത്.
പ്രളയ കാലത്ത് ആലപ്പുഴ ജില്ലയിൽ കലക്ടർ ആയിരിക്കെ അവിടെ ദുരിതാശ്വാസ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വാർത്തകളിൽ നിറഞ്ഞിരുന്നു. കോവിഡ് കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠനത്തിന് പ്രായോജകരെ കണ്ടെത്തുന്ന പദ്ധതിയും ശ്രദ്ധേയമായി. പവൻ കല്യാണിന്റെ സ്റ്റാഫിലേക്ക് പോകുന്നതിന് ഡെപ്യൂട്ടേഷന് കൃഷ്ണതേജ അനുമതി തേടിയിരുന്നു. സംസ്ഥാന സർക്കാർ എതിർപ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്.