കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്നോട്ടിസം നടത്തിയ നാല് വിദ്യാർഥികൾ ബോധരഹിതരായി. പുല്ലൂറ്റ് വി കെ രാജൻ മെമ്മോറിയൽ പബ്ലിക് ഹൈസ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളും സ്വയം ഹിപ്നോട്ടിസ് ചെയ്യപ്പെട്ടു. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെയാണ് കുട്ടികൾ ബോധരഹിതരായി വീഴുകയായിരുന്നു.
ആദ്യം മൂന്ന് വിദ്യാർത്ഥികൾ ബോധരഹിതരായി. അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നാണ് ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ മറ്റൊരു പെൺകുട്ടി ബോധരഹിതയായി. പെൺകുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും പിന്നീട് എആർ മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. യൂട്യൂബിൽ കണ്ട വീഡിയോ കുട്ടികൾ പരീക്ഷിച്ചതാണെന്നാണ് സൂചന. കുട്ടികൾ ബോധരഹിതരായ സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്കിടയിൽ ബോധവൽക്കരണം നടത്തി വരികയാണെന്ന് പേരൻ്റ്സ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ടി.എ.നൗഷാദ് പറഞ്ഞു.


