ആറ്റിങ്ങല്‍: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐക്കാരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ഇവരുടെ സദാചാര ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി. കോളേജ് പ്രിന്‍സിപ്പല്‍ ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ നേരത്തെ തയാറായിരുന്നുവെങ്കിലും അഖിലിനെതിരെയുള്ള ഉള്ള അക്രമം നടക്കുകയില്ലായിരുന്നുവെന്നും കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിനിയായ നിഖില മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജിലെ എസ്.എഫ്.ഐക്കാര്‍ ക്യാന്റീനില്‍ കയറാന്‍ അനുവദിക്കാറില്ലെന്നും വാലന്‍ന്റൈന്‍സ് ദിനത്തില്‍ തങ്ങള്‍ നടത്തിയ പരിപാടി ഇവര്‍ അലങ്കോലമാക്കിയെന്നും തങ്ങളെ അവര്‍ കൈയേറ്റം ചെയ്തുവെന്നും നിഖില പറയുന്നു.പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ തുനിഞ്ഞ തന്നെ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചുവെന്നും മറ്റ് പെണ്‍കുട്ടികളെ കടത്തി വിടുന്നത് ചോദ്യം ചെയ്തപ്പോള്‍ അവര്‍ തന്നോട് അശ്ലീലം പറഞ്ഞുവെന്നും നിഖില ഓര്‍ക്കുന്നു. ‘വീട്ടിലേക്ക് തന്നെയാണോ പോകുന്നതെന്ന് ആര്‍ക്കാറിയാം’ എന്നായിരുന്നു നിഖിലയോടു ഇവര്‍ ചോദിച്ചത്.
പാര്‍ട്ടി നേതാക്കളും കോളേജ് പ്രിന്‍സിപ്പലും തമ്മിലുള്ള ഒത്തുകളികളാണ് കോളേജിലെ കുഴപ്പത്തിനെല്ലാം കാരണമെന്നും അഖില ആരോപിച്ചു. താന്‍ നല്കിയ പരാതികള്‍ അന്നത്തെ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ കണക്കിലെടുത്തില്ലെന്നും നിഖില പറഞ്ഞു. ക്ലാസ് ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ചോദ്യം ചെയ്ത തന്നെ എസ്.എഫ്.ഐ ഒറ്റപെടുത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അതിനാലാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും നിഖില പറഞ്ഞു. തന്റെ ജീവന് കളഞ്ഞിട്ടായാലും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലത് വരണം എന്നാണ് അന്ന് താന്‍ ആഗ്രഹിച്ചതെന്ന് നിഖില വിശദീകരിച്ചു.


